വടകര: ജൂലൈ നാലിന് വടകരയിൽ സ്വകാര്യ ബസ് പണിമുടക്ക്. താലൂക്കിലെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തുന്നത്. താലൂക്ക് സ്വകാര്യ ബസ് തൊഴിലാളി സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ദേശീയ പാതയിലെ സർവ്വീസ് റോഡിന്റെയും വടകര-കുറ്റ്യാടി റൂട്ടിലെ നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥയും കാരണമുണ്ടാകുന്ന ഗതാഗത കുരുക്കും വടകര ടൗണിലെ ഗതാഗത കുരുക്കും കാരണം ദിവസവും മണിക്കൂറുകളോളം വൈകിയാണ് പല ബസുകളും സര്‍വ്വീസ് നടത്തുന്നത്.
ഇന്നലെ ദേശീയാപത കൈനാട്ടിക്കും ചോറോട് ഗേറ്റിനുമിടയില്‍ രണ്ട് ചരക്കുലോറികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെയുള്ള
വാഹനങ്ങള്‍ പഴയ ദേശീയപാതയിലൂടെ കടത്തിവിടുകയായിരുന്നു. പുലര്‍ച്ചെ ആറ് മണിക്ക് തുടങ്ങിയ ഗതാഗതകുരുക്കിന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുറച്ചെങ്കിലും ആശ്വാസമായത്.
മാത്രമല്ല ഇന്നലെ വടകരയില്‍ ഏതാനും ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന തലശ്ശേരി, നാദാപുരം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് ഓട്ടം നിര്‍ത്തിയത്. ഇതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. ദേശീയപാതയിലെ സര്‍വ്വീസ് റോഡ് മഴയില്‍ തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതും ഗതാഗതകുരുക്കിന് പ്രധാന കാരണമാണ്
യോഗത്തിൽ എ.സതീശൻ, ഇ പ്രദീപ് കുമാർ, എം ബാലകൃഷ്ണൻ, വി.കെ ബാബു, അഡ്വ.ഇ നാരായണൻ നായർ, മടപ്പള്ളി മോഹനൻ, വിനോദ് ചെറിയത്ത്, പി സജീവ് കുമാർ, മജീദ് എന്നിവർ സംസാരിച്ചു.