ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടി

news image
Jun 30, 2023, 3:25 pm GMT+0000 payyolionline.in

തിരുവനന്തപുരം : ജൂണ്‍ മാസത്തെ റേഷന്‍ വിതരണം നാളെ വരെ നീട്ടിയെന്ന് മന്ത്രി ജി.ആര്‍ അനിൽ. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിങ്, ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിങ്, ഇ-ഹെല്‍ത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്ട്, ഇ-ഗ്രാന്റ്സ് തുടങ്ങിയവയ്ക്കുള്ള ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേഗത കുറവ് നേരിട്ടതെന്ന് മന്ത്രി അറിയിച്ചു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാല്‍ രാജ്യത്തെ അക്ഷയ കേന്ദ്രങ്ങള്‍, സി.എസ്.സി-കള്‍, മറ്റ് ഇ-സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വ്യാപക തിരക്ക് അനുഭവപ്പെട്ടുവരുന്നു. ആധാര്‍ ഓതന്റിക്കേഷനുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് സംസ്ഥാന ഐ.റ്റി മിഷന് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 2023 മെയ് മാസത്തെ റേഷന്‍ വിതരണ തോത് 80.53 ശതമാനമായിരുന്നു. ഇന്ന് 6.50 വരെയുള്ള റേഷന്‍ വിതരണ തോത് 79.08 ശതമാനമാണ്. 8.45 ലക്ഷം കാര്‍ഡുടമകള്‍ ഇന്ന് സംസ്ഥാനത്ത് റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ വേഗത കുറവ് കാരണം ചിലര്‍ക്കെങ്കിലും റേഷന്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായത് പരിഗണിച്ച് സംസ്ഥാനത്തെ ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ഒന്നു വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും കൈപ്പറ്റേണ്ടതാണെന്നും റേഷന്‍ കൈപ്പറ്റാനെത്തുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും റേഷന്‍ കിട്ടി എന്ന് ഉറപ്പുവരുത്തുവാന്‍ റേഷന്‍ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe