ജി സുധാകരൻ കേരളത്തിലെ ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരൻ, പിന്തുണക്കുന്നതിൽ തെറ്റില്ല: ബെന്നി ബഹനാൻ

news image
Mar 16, 2026, 6:20 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിലുള്ള ഏറ്റവും നല്ല കമ്മ്യൂണിസ്റ്റുകാരനാണ് ജി സുധാകരനെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹനാൻ എംപി. ജി സുധാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കാത്തത് ആ പാർട്ടിക്കുണ്ടായ അപചയവും ജീർണതയുമാണ്. ജീർണത സംഭവിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ജി സുധാകരനൊരു തീരുമാനമെടുത്തപ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തെ പിന്തുണക്കുന്നതിൽ തെറ്റില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബെന്നി ബഹനാൻ മാധ്യമങ്ങളോട് പറഞ്ഞു.

ജി സുധാകരന് പിന്തുണ കൊടുക്കാൻ പാർട്ടി തീരുമാനിച്ചിട്ടില്ല. ഇനി പിന്തുണച്ചാലും അതിൽതെറ്റില്ലെന്ന് കരുതുന്ന പൊതുപ്രവർത്തകനാണ് താൻ. സുധാകരൻ ഉയർത്തിയ ആശയം കേരളത്തിന്റെ നല്ലതിനെന്നാണ് താൻ വിശ്വസിക്കുന്നത്. എല്ലാവശവും നോക്കിയാണ് പാർട്ടി തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പ് വരുമ്പോൾ പ്രാദേശിക വികാരം ഉണ്ടാകും. അത്തരം അഭിപ്രായ വ്യത്യാസം പറഞ്ഞുതീർക്കുകയാണ് ചെയ്യുകയെന്നും ബെന്നി ബഹനാൻ പറഞ്ഞു.

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തിൽ ഒരു കീറാമുട്ടിയുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ ഫലമായാണ് ജി സുധാകരൻ പാർട്ടിയിൽനിന്ന് മാറിയതും ശൈലജ ടീച്ചറെ തോൽക്കുന്ന സീറ്റിൽ നിർത്തിയതെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനിറങ്ങുന്ന ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതായുള്ള വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ബെന്നി ബഹനാന്‍റെ പ്രതികരണം. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് വിവരം. ഇതോടെ അമ്പലപ്പുഴയിൽ മത്സരിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായി. ലിജുവിനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ കോൺഗ്രസ് പദ്ധതിയിടുന്നുണ്ട് എങ്കിലും അതിൽ തർക്കമുണ്ട് എന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe