കോഴിക്കോട്: നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി കൺസ്യൂമർഫെഡ് ചന്തകൾ റെഡി. സാധാരണക്കാരന് കീശ കാലിയാകാതെ വിഷുവും ഈസ്റ്ററും ആഘോഷിക്കാം. വിപണിയിലെ കൃത്രിമ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കൺസ്യൂമർഫെഡ് ചന്തകൾ ആരംഭിച്ചിരിക്കുന്നത്. ജില്ലയിൽ താമരശേരി, ബാലുശേരി, ചക്കിട്ടപാറ, കൊയിലാണ്ടി, വടകര, മേപ്പയിൽ റോഡ്, കക്കട്ടിൽ, നാദാപുരം, നടക്കാവ്, പാറോപ്പടി, ഈസ്റ്റ്ഹിൽ, മുതലക്കുളം, പേരാമ്പ്ര, ഒഞ്ചിയം എന്നീ ത്രിവേണി സൂപ്പർമാർക്കറ്റുകളിലാണ് ചന്ത പ്രവർത്തിക്കുന്നത്. 22 വരെ ചന്തകളിലെത്തി സാധനങ്ങൾ വാങ്ങിക്കാം. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാകും. ദിനേശ്, റെയ്ഡ്കോ, മിൽമ തുടങ്ങി വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും വിലക്കുറവിൽ ലഭ്യമാകും.
ത്രിവേണികളിലൂടെ പ്രതിദിനം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുക. മുതലക്കുളത്തെ ജില്ലാ വിപണന കേന്ദ്രത്തിൽ ദിവസം 150 പേർക്ക് സാധനങ്ങൾ ലഭിക്കും. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റിൽ കൺസ്യൂമർ ഫെഡ് ഡയറക്ടർ എം മെഹബൂബ് ചന്ത ഉദ്‌ഘാടനംചെയ്‌തു. റീജണൽ മാനേജർ പി കെ അനിൽകുമാർ അധ്യക്ഷനായി. ജോ. രജിസ്ട്രാർ എൻ എം ഷീജ ആദ്യവിൽപ്പന നിർവഹിച്ചു. അസി. റീജണൽ മാനേജർ വൈ എം പ്രവീൺ, വെയർഹൗസ് മാനേജർ ഒ പി – പ്രസീദ് എന്നിവർ സംസാരിച്ചു.