ജാര്‍ഖണ്ഡിലെ അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങള്‍ ചത്തുപൊങ്ങി; അന്വേഷണം

news image
Sep 17, 2023, 11:12 am GMT+0000 payyolionline.in

റാഞ്ചി: ജാര്‍ഖണ്ഡിലെ അണക്കെട്ടിൽ എണ്ണായിരത്തിലധികം മത്സ്യങ്ങൾ ചത്തുപൊങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍  അന്വേഷണത്തിന് ഉത്തരവിട്ടു. റാഞ്ചിയിലെ ഗെറ്റൽസുഡ് അണക്കെട്ടിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. മത്സ്യം വളർത്തുന്നതിനായി വെച്ചിരുന്ന നാല് കൂടുകളിലാണ് മത്സ്യങ്ങളെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. 500 ഗ്രാം മുതൽ ഒരു കിലോ ഗ്രാം വരെ ഭാരമുള്ള മത്സ്യങ്ങളാണ് ചത്തതെന്ന് ജില്ലാ ഫിഷറീസ് ഓഫീസർ അരൂപ് കുമാർ ചൗധരി പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന കൃഷി മന്ത്രി ബാദൽ പത്രലേഖ് അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് സെക്രട്ടറിക്ക് ബാദൽ നിർദേശം നൽകി. താനും സംഘവും അണക്കെട്ട് സന്ദർശിക്കുമെന്നും മത്സ്യങ്ങള്‍ എങ്ങനെ ചത്തുവെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും അരൂപ് കുമാർ ചൗധരി പറഞ്ഞു.

ഓക്‌സിജന്റെ അഭാവം, രോഗങ്ങൾ, മലിനീകരണം എന്നിങ്ങനെ പല കാരണങ്ങളാൽ മത്സ്യങ്ങൾ ചത്തുപൊങ്ങാമെന്ന് ജില്ലാ ഫിഷറീസ് ഓഫീസർ പറഞ്ഞു- “ഓക്‌സിജന്റെ അഭാവമോ രോഗമോ ആയിരിക്കാം ഈ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് ഞങ്ങൾ സംശയിക്കുന്നു. എന്നിരുന്നാലും കൃത്യമായ കാരണം അന്വേഷണത്തിലേ കണ്ടെത്താനാകൂ. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കും”

മത്സ്യങ്ങളുടെ നിലനിൽപ്പിന് വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ലിറ്ററിന് അഞ്ച് മില്ലിഗ്രാമോ അതിൽ കൂടുതലോ ആയിരിക്കണമെന്ന്  ഫിഷറീസ് ഓഫീസർ പറഞ്ഞു. ഓക്സിജന്‍റെ അളവ് ലിറ്ററിന് മൂന്ന് മില്ലിഗ്രാമിൽ താഴെയായാൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവ സ്ഥലത്തോട് ചേർന്നുള്ള മഹേഷ്പൂർ പ്രദേശത്ത് 300 ഓളം മത്സ്യക്കൂടുകളുണ്ട്. അവിടെ ഒന്നര ടണ്ണോളം മത്സ്യത്തെ വളർത്തുന്നുണ്ടെന്നും അവയെല്ലാം സുരക്ഷിതമാണെന്നും അരൂപ് കുമാർ ചൗധരി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe