‘ജാമ്യം നൽകിയതു മറ്റു പരാതിക്കാരുടെ മനോവീര്യം കെടുത്തി; സിദ്ദിഖ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതാക്കി’

news image
Oct 22, 2024, 12:14 pm GMT+0000 payyolionline.in

ന്യൂഡൽഹി: നടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടൻ സിദ്ദിഖിനു താൽക്കാലിക ജാമ്യം നൽകിയതു പീഡനപരാതിയുമായി മുന്നോട്ടുവന്ന സിനിമാരംഗത്തെ മറ്റു സ്ത്രീകളുടെ മനോവീര്യം കെടുത്തിയെന്നു സംസ്ഥാന സർക്കാർ. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് 5 വർഷത്തിനു ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. അതേ തുടർന്ന് 30

കേസുകളും റജിസ്റ്റർ ചെയ്തു. എന്നാൽ, പരാതി നൽകാൻ തയാറായവരുടെ മനോവീര്യം കെടുത്തുന്നതാണ് സിദ്ദിഖിനു ജാമ്യം നൽകിയ നടപടിയെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത് കുമാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരും പരാതിക്കാരിയുടെ അഭിഭാഷകയും ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകാൻ സാവകാശം വേണമെന്ന നിലപാട് സിദ്ദിഖിന്റെ അഭിഭാഷകൻ വി.ഗിരി സ്വീകരിച്ചതോടെ കോടതി ഇതനുവദിച്ചു.

സിദ്ദിഖിന്റെ വാദങ്ങളെ എതിർക്കാൻ താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് തെളിവു നശിപ്പിക്കുന്നുവെന്ന വാദമാണ് കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചുയർത്തിയത്. എന്നാൽ, 8 വർഷം മുൻപു നടന്ന സംഭവത്തിൽ തെളിവു വളരെ നേരത്തേ നശിപ്പിക്കാമായിരുന്നല്ലോ എന്ന ചോദ്യം ബെഞ്ച് തന്നെ ഉന്നയിച്ചു. സിദ്ദിഖിന്റെ അഭിഭാഷകനും ഇതുതന്നെ ആവർത്തിച്ചു. പരാതി ഇത്രയും കാലം വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം ജസ്റ്റിസ് ബേല എം. ത്രിവേദി ഇന്നും ആവർത്തിച്ചു. എന്നാൽ, വിഷയം തുടർച്ചയായി ഫെയ്സ്ബുക്കിലൂടെ ഉന്നയിക്കുന്നുണ്ടെന്നായിരുന്നു കേരള സർക്കാരിന്റെ പ്രതികരണം. ചോദ്യങ്ങൾക്കു മറുപടി നൽകാതെ എഴുതിയുള്ള മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നു കേരള സർക്കാർ ചൂണ്ടിക്കാട്ടി. തനിക്കൊന്നും ഹാജരാക്കാനില്ലെന്നുള്ള മറുപടിയാണ് രേഖാമൂലം നൽകുന്നത്. മാത്രവുമല്ല, കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ഫെയ്സ്ബുക്ക് അക്കൗണ്ട് സിദ്ദിഖ് ഇല്ലാതാക്കി. അതേക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇനി തേർഡ് പാർട്ടിയെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടെന്നും അന്വേഷണത്തിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേരള സർക്കാർ വാദിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe