ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന് കുരുക്ക്; സ്വമേധയാ നടപടിയെടുത്ത് കോടതി, ഉടൻ പരിഗണിക്കും

news image
Jan 15, 2025, 4:52 am GMT+0000 payyolionline.in

കൊച്ചി : നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരിക്ക്. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ജാമ്യം നൽകിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.

ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ജയിലിൽത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. ഇതേത്തുടർന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകർ മടങ്ങി. പക്ഷേ കൂടുതൽ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.

കോടതി വടിയെടുത്തതോടെ ബോബി ചെമ്മണ്ണൂരിനെ ഉടൻ ജയിൽ മോചിതരാക്കാൻ അഭിഭാഷകരുടെ നീക്കം. ഹൈക്കോടതി പരിഗണിക്കും മുമ്പേതന്നെ ജയിൽ മോചിതരാക്കാൻ കഴിയുമോ എന്നാണ് ആലോചിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ ഉടൻ കാക്കനാട് ജയിലിൽ എത്തും. അര മണിക്കൂറിനുള്ളിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe