തിരുവനന്തപുരം > പഞ്ചായത്തിലെ അവിശ്വാസപ്രമേയത്തിലാണേലും രാജ്യസഭാ തെരഞ്ഞെടുപ്പിലാണേലും ഞങ്ങളുടെ വോട്ട് ബിജെപിക്ക് എന്നതാണ് കോൺഗ്രസിന്റെ പുതിയ മുദ്രാവാക്യമെന്ന് മന്ത്രി പി രാജീവ്. ഇന്ന് കാസർഗോഡ് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലും ബിജെപി കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് കോൺഗ്രസ് അംഗം വോട്ട് ചെയ്‌തത് കേരളത്തിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്നും രാജീവ് ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇന്നലെ വരെ കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ കൂടെ വോട്ട് ചോദിച്ച ശേഷമാണ് അദ്ദേഹം ഇന്ന് പഞ്ചായത്തിലെത്തി ബിജെപിക്ക് വോട്ട് ചെയ്‌ത്, വീണ്ടും കോൺഗ്രസിന് വോട്ട് ചോദിക്കാൻ പോയത്.
സമീപകാലത്താണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎമാർ കൂടി വോട്ട് ചെയ്‌ത് ബിജെപി സ്ഥാനാർത്ഥിയെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചത്. കേരളത്തിൽ നിന്നുതന്നെയുള്ള കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതും പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോയതും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കാര്യമാണ്. ഇന്നലെയാണ് മുൻ കോൺഗ്രസ് എം.പി നവീൻ ജിൻഡാൽ ബിജെപിയിൽ ചേർന്നത്. ജയിച്ചാലും തോറ്റാലും കോൺഗ്രസുകാർ ബിജെപിയിൽ പോകും. അതുകൊണ്ട് തന്നെ കൈക്ക് കുത്തിയാൽ ഇന്നല്ലെങ്കിൽ നാളെ താമര വിരിയും – പി രാജീവ് പറഞ്ഞു.