ജമ്മു കശ്മീരിലെ പഹൽഗാം ഭീകരരാക്രമണം: ഇരുപതോളം പേർ കൊല്ലപ്പെട്ടതായി വിവരം, തിരച്ചിൽ ശക്തമാക്കി സൈന്യം; കേന്ദ്രമന്ത്രി അമിത് ഷാ കശ്മീരിലേക്ക്

news image
Apr 22, 2025, 1:31 pm GMT+0000 payyolionline.in

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മരണസംഖ്യ ഉയർന്നു. ഇരുപതോളം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക വിവരമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർ അനന്ത്നാഗിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിലേക്ക് യാത്ര തിരിച്ചു. ശ്രീനഗറിലെത്തുന്ന അമിത് ഷാ സംസ്ഥാനത്തെയും സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ സ്വീകരിക്കും. കൂടാതെ, ഭീകരാക്രമണം നടന്ന പഹൽഗാമിൽ ആഭ്യന്തര മന്ത്രി നാളെ സന്ദർശനം നടത്തും.

സൗദി സന്ദർശനം നടത്തുന്ന പ്രധാനമന്ത്രിയുമായി ടെലിഫോണിൽ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി ചർച്ച ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തി ഉചിത നടപടി സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിലാണ് വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ ബൈസാരൻ പുൽമേടിലാണ് വെടിവെപ്പ് നടന്നത്.

സൈനിക വേഷത്തിലെത്തിയ ആ‍യുധധാരികളായ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ഭീകരർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പുൽമേട്ടിൽ സഞ്ചാരികൾക്ക് എത്താൻ സാധിക്കൂ.

വെടിവെപ്പിന് പിന്നാലെ പ്രദേശത്തിന്‍റെ നിയന്ത്രണം സുരക്ഷാസേന ഏറ്റെടുത്തു. പ്രദേശം വളഞ്ഞ സേന ഭീകരർക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, റോഡുകളിൽ പരിശോധനയും ശക്തമാക്കി.

അതേസമയം, പാകിസ്താൻ ആസ്ഥാനമായ ഭീകരസംഘടന ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe