ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ല വനമേഖലയിലുള്ള താൽക്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരവാദികള്‍ വെടിയുതിർത്തു. പിന്നാലെ സൈന്യം തിരിച്ചടിച്ചു. ബടോഡ് പഞ്ചായത്തിലെ താൽക്കാലിക സൈനിക ക്യാമ്പിൽ ഇന്ന് പുലര്‍ച്ചെ 1:20 ഓടെ ആക്രണമുണ്ടായത്.
ഇരു വിഭാഗവും തമ്മില്‍ അരമണിക്കൂറോളം വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭീകര സംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തിന് പിന്നാലെ ഭീകരവാദികൾ അടുത്തുള്ള വനത്തിലേക്ക് ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കി.
ജനുവരി 21 ന് ജമ്മുവിലെ ജുവൽ ചൗക്ക് പ്രദേശത്ത് വെടിവെപ്പ് നടന്നിരുന്നു. ജനുവരി 22 ന് സോപോറിലെ സലൂറയിൽ നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലായി മാറുകയും ഒരു ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് കാശ്‌മീര്‍ സോണ്‍ ഐ.ജി വി.കെ ബിർഡി അറിയിച്ചു.