ശ്രീനഗർ∙ ജമ്മുകശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുകയായിരുന്നു. പിന്നാലെ ഭീകരവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയും ഏറ്റമുട്ടലിലേക്ക് കാര്യങ്ങൾ മാറുകയുമായിരുന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്പഷൽ ഫോഴ്സിൽ ഉൾപ്പെട്ട സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്. 26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണു പലയിടങ്ങളിലായി ഏറ്റമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.