ജപ്പാനിൽ വൻ ഭൂകമ്പം; ആശങ്കയേറ്റി സുനാമി മുന്നറിയിപ്പ്

news image
Jan 13, 2025, 2:08 pm GMT+0000 payyolionline.in

ടോക്കിയോ: ജപ്പാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ കാലാവസ്ഥാ ഏജൻസിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻ്റർ നൽകുന്ന വിവരങ്ങൾ പ്രകാരം 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. പല പ്രദേശങ്ങളിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ ദ്വീപുകളിൽ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിരുന്നു.

അതേസമയം, അടുത്തിടെ ടിബറ്റിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിരവധി പേർ മരിക്കുകയും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിനെ പിടിച്ചുകുലുക്കിയത്. ഭൂകമ്പത്തിൽ 126 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളാണ് പലയിടത്തായി നിലംപൊത്തിയത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe