തിരുവനന്തപുരം: ജനുവരി 22ന് പ്രഖ്യാപിച്ച ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ പണിമുടക്കിന് തടയിടാൻ സർക്കാർ. അന്നേ ദിവസം ഡയസ്നോൺ പ്രഖ്യാപിച്ചാണ് പണിമുടക്ക് പൊളിക്കാൻ സർക്കാർ നീക്കം. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി.
സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുവിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.