ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെത്തിയ കാട്ടാന മങ്ങാട്ടുപറമ്പൻ അബ്ദുറഹിമാന്റെ പറമ്പിലെ രണ്ടു തെങ്ങുകൾ നശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയോടിച്ചത്. ഇതിനിടയിൽ പലതവണ ആളുകൾക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തു. കരുളായി വനത്തിൽ നിന്നും ചിരങ്ങാംതോട് മറികടന്നാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തുന്നത്. കഴിഞ്ഞ ആഴ്ചയിലും ഇതേ ഭാഗത്ത് ആനയെത്തുകയും നാശം വിതക്കുകയും ചെയ്തിരുന്നു.
ഇടക്കിടെ ഇവിടങ്ങളിലുണ്ടാവുന്ന കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കരുളായിപ്പാലം മുതൽ ഉണ്ണിക്കുളം വരെ തൂക്കുസോളാർ വേലിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രാരംഭ നടപടികൾ പോലുമായിട്ടില്ല. പദ്ധതി വേഗത്തിൽ പൂർത്തീകരിച്ചാൽ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് പൂർണമായ പരിഹാരം കാണാനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.