മാനന്തവാടി: പടമലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് പന്തംകൊളുത്തി പ്രകടനവുമായി നാട്ടുകാർ. പടമല പള്ളി പരിസരത്തുനിന്ന് കുറുക്കൻമൂലയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിൽ രണ്ടായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. ‘കാട്ടിൽ മതി കാട്ടുനീതി’ എന്നെഴുതിയ കറുത്ത ബാനറുമായാണ് കർഷകർ പ്രകടനം നടത്തിയത്. പ്രതിഷേധക്കാർ ട്രാക്ടറിൽ വാഴവച്ച് ‘കേരള വനം വകുപ്പ്’ എന്ന ബോർഡ് തൂക്കി.
ബുധനാഴ്ച രാവിലെയാണ് പടമല പള്ളിക്ക് സമീപം വെണ്ണമറ്റത്തിൽ ലിസിയുടെ പിന്നാലെ കടുവ എത്തിയത്. ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്കാണ് കടുവ കയറിയത്. കാട്ടാന ചവിട്ടിക്കൊന്ന പനച്ചിയിൽ അജീഷിന്റെ വീടിന് സമീപത്താണ് കടുവയും എത്തിയത്. കടുവയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു.
രാവിലെ പള്ളിയിൽ പോയപ്പോഴാണ് ലിസിയെ കടുവ ഓടിച്ചത്. ലിസി ഓടി ഐക്കരക്കാട്ട് സാബുവിന്റെ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. സാബുവും കടുവയുടെ മുന്നിൽ പെട്ടെങ്കിലും അടുത്തുണ്ടായിരുന്ന പൂച്ചയുടെ പുറകെ കടുവ നീങ്ങിയതിനാൽ രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പകലും രാത്രിയിലും പട്രോളിങ്ങിന് ജീവനക്കാരെ നിയോഗിക്കുമെന്ന് ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ് നാട്ടുകാർക്ക് ഉറപ്പ് നൽകി.
തിങ്കളാഴ്ച രാത്രിയും കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. വനപാലകർക്കെതിരെ പടമലയിൽ പ്രതിഷേധം കനക്കുകയാണ്. റോഡ് അതിരിലെ കാട് നീക്കം ചെയ്യാൻ തയാറാകാത്തതും നാട്ടുകാരായ വാച്ചർമാരെ അകാരണമായി പിരിച്ചുവിട്ടതിലും പ്രതിഷേധമുണ്ട്. രാവിലെ കുട്ടികളെ സ്കൂളിൽ അയയ്‌ക്കാനോ പാൽ അളക്കാനോ റബർ വെട്ടാനോ പള്ളിയിൽ പോകാനോ പോലും സാധിക്കുന്നില്ല. പട്ടാപകൽ പോലും പുറത്തിറങ്ങാൻ സാധിക്കില്ലെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞു.