ചോരപുരണ്ട മുഖം, തീക്ഷ്ണമായ കണ്ണുകൾ; സ്റ്റീഫനായി പ്രണവ്, എമ്പുരാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ

news image
Apr 2, 2025, 11:27 am GMT+0000 payyolionline.in

തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിപ്പ് തുടരുകയാണ് മോഹന്‍ലാലിന്റെ എല്‍2: എമ്പുരാന്‍. ചിത്രത്തില്‍ പൃഥ്വിരാജ് പ്രേക്ഷകര്‍ക്കായൊരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കിയിരുന്നു.

എമ്പുരാന്‍ തിയേറ്ററുകളിലെത്തി ഒരാഴ്ചയോളമാകുമ്പോള്‍ ആ സര്‍പ്രൈസ് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍. പ്രണവ് മോഹന്‍ലാലിന്റെ അതിഥി വേഷമാണ് എമ്പുരാനില്‍ ഒളിച്ചുവെച്ചിരുന്ന സര്‍പ്രൈസ്. ഖുറേഷി അബ്രാം എന്ന അന്താരാഷ്ട്ര അധോലോക നേതാവും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേരളത്തിലെ രാഷ്ട്രീയനേതാവുമെല്ലാമാകുന്നതിന് മുമ്പുള്ള സ്റ്റീഫനായാണ് പ്രണവ് എമ്പുരാനിലെത്തുന്നത്. ആര്‍ക്കുമറിയാത്ത സ്റ്റീഫന്റെ ഭൂതകാലത്തിലേക്കുള്ള വാതില്‍ തുറന്നിടുന്ന പ്രണവിന്റെ കഥാപാത്രം ലൂസിഫര്‍ ഫ്രാഞ്ചൈസിലെ അടുത്ത ചിത്രത്തില്‍ നിര്‍ണായകമാകുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്.

സംവിധായകന്‍ പൃഥ്വിരാജാണ് ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രണവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. നീട്ടിവളര്‍ത്തിയ മുടിയും തീക്ഷ്ണമായ കണ്ണുകളും ചോരപുരണ്ട മുഖവുമായി നില്‍ക്കുന്ന പ്രണവ് മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ‘സ്റ്റീഫനായി പ്രണവ് മോഹന്‍ലാല്‍’ എന്ന വാചകവും ‘എല്‍2ഇ’ എന്ന ഹാഷ് ടാഗും മാത്രമാണ് ചിത്രത്തിനൊപ്പമുള്ളത്.

അതേസമയം സംഘപരിവാര്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എമ്പുരാനിലെ 24 ഭാഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ വെട്ടിമാറ്റി. മൂന്ന് മണിക്കൂറുള്ള സിനിമയിലെ രണ്ട് മിനുറ്റ് എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ഭാഗങ്ങളാണ് നീക്കിയത്. തുടക്കത്തില്‍ നന്ദി പറയുന്നവരുടെ കൂട്ടത്തില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. കൂടാതെ സ്ത്രീകള്‍ക്കെതിരായ അതിക്രമരംഗങ്ങള്‍, പൃഥ്വിരാജിന്റെ സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്നത് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.

സിനിമയില്‍ കാണിക്കുന്ന കലാപരംഗങ്ങളുടെ കാലഘട്ടമായി 2002 ആണ് ആദ്യ പതിപ്പില്‍ കാണിച്ചിരുന്നത്. പുതിയ പതിപ്പില്‍ ‘എ ഫ്യൂ ഇയേര്‍സ് എഗോ’ (ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്) എന്നായിരിക്കും പ്രദര്‍ശിപ്പിക്കുക. ഇതുകൂടാതെ പ്രധാന വില്ലന്റെ പേര് ബജ്രംഗി എന്നുള്ളത് പരാമര്‍ശിക്കുന്ന എല്ലാ ഭാഗത്തും ബല്‍ദേവ് എന്നായിരിക്കും പുതിയ പതിപ്പിലുണ്ടാകുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe