കണ്ണൂർ: നിഹാൽ എന്ന പതിനൊന്നു വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന മുഴപ്പിലങ്ങാട്ട്, 250 മീറ്റർ മാറി വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. മൂന്നാം ക്ലാസുകാരിക്ക് ഗുരുതര പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാച്ചാക്കരയിലെ കലങ്ങോട് ബാബു-ശ്രീജ ദമ്പതികളുടെ മകൾ കെ. ജാൻവിയ(ഒമ്പത്)യെയാണ് നായ്ക്കൾ കൂട്ടമായി വളഞ്ഞിട്ട് കടിച്ചത്.
തുടക്കും വയറിനും ഗുരുതര പരിക്കേറ്റ ജാൻവിയയെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയ നായ്ക്കൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു.
മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവു നായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിഹാൽ മരിച്ച് ദിവസങ്ങൾക്കകമാണ് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. നിഹാലിന്റെ വീടിന്റെ 250 മീറ്റർ അകലെയാണ് ജാൻവിയക്കും നായ്ക്കളുടെ കടിയേറ്റത്. നിഹാലിന്റെ മരണത്തെ തുടർന്ന് നാടെങ്ങും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് മന്ത്രിമാർ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേർ നിഹാലിന്റെ വീട്ടിലെത്തുകയും ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് അധികൃതർ നായ്ക്കളെ പിടിക്കാനുള്ള നടപടികൾ ആരംഭിക്കുകയും 48 ഓളം തെരുവു പട്ടികളെ തുടർ ദിവസങ്ങളിൽ പിടിക്കുകയും ചെയ്തു. എന്നിട്ടും മുഴപ്പിലങ്ങാടിന്റെ പല ഭാഗങ്ങളിലും തെരുവുനായ്ക്കൾ ഭീഷണി ഉയർത്തുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പതിനൊന്നുകാരനെ തെരുവുനായ കടിച്ചുകൊന്ന മുഴപ്പിലങ്ങാട് കെട്ടിനകം മേഖലയിൽ ഭീതിയോടെയാണ് നാട്ടുകാർ കഴിയുന്നത്. നായ് കടിക്കാൻ വന്നാൽ പ്രതിരോധിക്കാനായി വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.