കോഴിക്കോട് ∙ 10, പ്ലസ് വൺ ക്ലാസുകളിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നെന്ന് എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്. ചോർത്തിയതിന്റെ ഉത്തരവാദിത്തം കേസിലെ മറ്റു പ്രതികൾക്കാണെന്നും ഷുഹൈബ് പറഞ്ഞതായി ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻ കുട്ടി പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
കേസിൽ മറ്റു പ്രതികൾ ഉണ്ടോയെന്നും മറ്റേതെങ്കിലും സ്ഥാപനങ്ങൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുകയാണെന്നും എസ്പി പറഞ്ഞു. ക്രിസ്മസ് പരീക്ഷയുടെ പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെയും എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷയുടെയും ചോദ്യപ്പേപ്പറുകളുടെ ചോർച്ച മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത്.
ഷുഹൈബിന്റെ ഫോണിലെ പല വിവരങ്ങളും ഡിലീറ്റ് ചെയ്തെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിനാൽ ഇന്നലെ ഷുഹൈബ് ക്രൈംബ്രാഞ്ച് ഓഫിസിൽ കീഴടങ്ങുകയായിരുന്നു. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം ഷുഹൈബിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈംബ്രാഞ്ച് നീക്കം. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ സ്വകാര്യ സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.