ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.പി പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ റദ്ദാക്കി. ഫെബ്രുവരി 17,18 തീയതികളിൽ നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. റിസർവ് സിവിൽ പൊലീസ് പരീക്ഷയാണ് റദ്ദാക്കിയത്.
ആറ് മാസത്തിനുള്ളിൽ പുനപരീക്ഷ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പുനപരീക്ഷ തീയതി പിന്നീട് അറിയിക്കും. പരീക്ഷ റദ്ദാക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. യുവാക്കളുടെ കഠിനാധ്വാനം പാഴാകാൻ ഒരിക്കലും അനുവദിക്കില്ലെന്നും പരീക്ഷയുടെ സുതാര്യത ഉറപ്പുവരുത്തുമെന്നും യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
48 ലക്ഷം പേരാണ് യു.പിയിലെ 60,244 കോൺസ്റ്റബിൾ തസ്തികളിലേക്ക് അപേക്ഷിച്ചത്. ഇതിൽ കൃത്രിമം നടത്തിയതിന് ഇതുവരെ 244 പേരാണ് പിടിയിലായത്. ചോദ്യപേപ്പർ ചോർച്ചയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ അന്വേഷണമാണ് യു.പി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം.