നാദാപുരം: ചേലക്കാട് മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്യുകയും മലിനജലം പുറത്തേക്ക് ഒഴുക്കിവിടുകയുംചെയ്ത സ്ഥാപനത്തിനും കെട്ടിട ഉടമകൾക്കുമെതിരെ ഗ്രാമപഞ്ചായത്തിന്റെ നടപടി. ചേലക്കാട് സഹകരണ ബാങ്ക് കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നുള്ള മാലിന്യം റൂമിന് പുറത്തും കെട്ടിടത്തിന്റെ പരിസരത്തും കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമക്ക് 3000 രൂപ പിഴ ചുമത്തി. എ.ടി. കുഞ്ഞബ്ദുല്ലയുടെതാണ് കെട്ടിടം.
ചേലക്കാട് ബസ്റ്റോപ്പിന് പിറകുവശത്തെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ മലിനജലം പൈപ്പ്പൊട്ടി പുറത്തേക്ക് ഒഴുകുന്നനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കെട്ടിടത്തിന്റെ കൈവശക്കാരനായ പി.പി. നിജാസിന് 5000 രൂപ പിഴ ചുമത്തി. കുളിർമ കൂൾബാർ എന്ന സ്ഥാപനത്തിലെ മാലിന്യം പരിസരത്ത് അലക്ഷ്യമായി കൂട്ടിയിട്ടതിനെ തുടർന്ന് ലൈസൻസിയായ ടി.പി. ഫൈസലിന് 3000 രൂപ പിഴ ചുമത്തി.
മൂന്ന് കെട്ടിട ഉടമകൾക്കും 24 മണിക്കൂറിനകം മാലിന്യങ്ങൾ നീക്കം ചെയ്യാനും നാല് ദിവസത്തിനകം പിഴ അടക്കാനും നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളും മലിനജലവും അലക്ഷ്യമായി കൈകാര്യംചെയ്യുന്ന കെട്ടിട ഉടമകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും എതിരെ പിഴ, പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.