കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി ഋതു ജയൻ കൊടും ക്രിമിനലെന്നു പൊലീസ്. നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലപ്പെട്ട മൂന്ന് പേർക്കും തലയിൽ മാരകമായി മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ ജിതിൻ ബോസ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ജിതിന് അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിന് സുമനസുകളുടെ സഹായം തേടുകയാണ് ചേന്ദമംഗലം പഞ്ചായത്ത്.
ഒരു നാടിനെയാകെ നടുക്കിയകൂട്ടക്കൊലയാണ് ചേന്ദമംഗലത്ത് നടന്നത്. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും, അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തി. അടിയേറ്റ അച്ഛൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ് ഋതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും ഋതുവിനെ അന്വേഷിച്ച് പൊലീസ് ചേന്നമംഗലത്ത് വീട്ടിൽ എത്തിയിരുന്നു. ഋതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം
തന്റെ സഹോദരിയെ കളിയാക്കിയത്തിലുള്ള ദേഷ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. രണ്ട് ദിവസം മുൻപ് ഗൾഫിൽ നിന്നെത്തിയ ജിതിൻ ബോസിനെ ലക്ഷ്യം വച്ചായിരുന്നു വീട്ടിലേക്ക് കയറി ചെന്നത്. മുന്നിൽ തടുത്തവരുടെയെല്ലാം തലയ്ക്ക് അടിക്കുകയായിരുന്നു. മോട്ടോർ സൈക്കിൾ സ്റ്റാന്ഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഋതു ജയൻ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു എന്നും പൊലീസ് പറയുന്നു . കൊല്ലപ്പെട്ട വേണുവിന്റെയു ഉഷയുടെയും വിനിഷയുടെയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി.
പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് മുരിക്കുംപാടം സ്മാശാനത്തിൽ സംസ്കരിക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ ബോസ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒന്നാം ക്ളാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വിനിഷയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. കൊലപാതകം നടന്ന വീട്ടിൽ പൊലീസിന്റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗം സംഘം കേസ് അന്വേഷിക്കും.
അതേസമയം, ചേന്ദമംഗലം കൂട്ടക്കൊലയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതിൻ ബോസിന്റെ ചികിത്സ തുടരുകയാണ്. കൊച്ചിയിലെ സ്വകര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള ജിതിന് സാമ്പത്തിക ചിലവേറിയ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ജിതിന്റെ ചികിത്സ ധനസമാഹരണത്തിനായി സുമനസുകളുടെ സഹായം തേടുകയാണ് ചേന്ദമംഗലം പഞ്ചായത്ത്. കൊല്ലപ്പെട്ട വിനീഷയുടെ സഹോദരൻ സുനിലിന്റെ അക്കൗണ്ടിലേക്ക് പണമയക്കാമെന്നും ജിതിന്റെ ജീവൻ രക്ഷിക്കാൻ സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുമെന്നും ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന പറഞ്ഞു.
അക്കൗണ്ട് വിവരം:
Sunil VS
Union Bank
Branch: North Paravur
IFSC Code: UBIN0533785
Account Number : 337802010022034
G Pay number : 9562252289