ബാക്കു (അസർബൈജാൻ): ചെസ് ലോകകപ്പ് ഫൈനലില്‍ നോർവെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനോടു പൊരുതിത്തോറ്റ് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാള്‍സൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കി.
ചെസ് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് കാൾസനും പ്രഗ്നാനന്ദയും നേര്‍ക്കുനേര്‍ വരുന്നത്. നോർവേയുടെ ഇതിഹാസ താരത്തെ ആദ്യ രണ്ടു ഗെയിമുകളിൽ സമനിലയിൽ തളച്ച്, മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസ്സുകാരനായ പ്രഗ്നാനന്ദയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടമാണ്.
ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിലായതോടെയാണു മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടത്. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു സമനിലയിൽ പിരിഞ്ഞത്. ചെസ് ലോകകപ്പിന്റെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പര്‍ ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാര്‍ട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ ഫാബിയാനോ കരുവാനയെ കീഴടക്കി പ്രഗ്ഗ ഫൈനലുറപ്പിച്ചു.
വിശ്വനാഥൻ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. 2005 ൽ ലോകകപ്പിന്റെ ഫോർമാറ്റ് നോക്കൗട്ട് രീതിയിലേക്കു പരിഷ്കരിച്ചിരുന്നു. അതിനു ശേഷം ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്ഗ. ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറന്റെ എതിരാളിയെ തീരുമാനിക്കുന്ന കാൻഡിഡേറ്റ് ചെസിനും പ്രഗ്നാനന്ദ യോഗ്യത നേടിയിട്ടുണ്ട്.