ചെന്നൈ: ചെന്നൈയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരായ രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ നാല് പേരെ അണ്ണാനഗറിലെ വസതിയിലെ മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഡോക്ടർ-അഭിഭാഷക ദമ്പതികളുടെയും അവരുടെ മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡോക്ടർ ബാലമുരുകൻ (52) ഭാര്യ സുമതി (47) എന്നവരാണ് മരിച്ച ദമ്പതികൾ. മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിലായിയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തൂങ്ങിമരണത്തിന് സാധ്യതയുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജോലിക്കെത്തിയ ഡോക്ടറുടെ ഡ്രൈവർക്ക് സംശയം തോന്നി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. വാതിൽ തുറന്നപ്പോൾ ബാലമുരുകന്റെയും സുമതിയുടെയും മൃതദേഹങ്ങൾ ഒരു മുറിയിലും മക്കളുടെ മൃതദേഹം മറ്റൊരു മുറിയിലും കണ്ടെത്തി. കടബാധ്യത വർധിച്ചതിനെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. തിരുമംഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, ആവശ്യമെങ്കിൽ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ഹെൽപ് ലൈൻ നമ്പർ- 1056. 0471 – 2552056)