മാന്നാര്‍: ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ അശുഭകരമായ സംഭവങ്ങൾ രക്ഷിതാക്കളെ ആശങ്കയിൽ ആഴ്ത്തുന്നു. അടുത്തിടെയാണ് റാഗിങ്ങിനെ തുടർന്ന് സംഭവവികാസങ്ങൾ ഉണ്ടായത്. ഇപ്പോൾ വ്യാഴാഴ്ച പുലർച്ചയാണ് ഹരിപ്പാട് ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകള്‍ നേഹയെ (14) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇടനാഴിയില്‍ കൈവരിയില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പുലര്‍ച്ചെ നാലോടെ മറ്റൊരു കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. മാന്നാര്‍ പൊലീസും മാവേലിക്കര തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പത്തരയോടെ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയ ശേഷമാണ് ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരി നീബ.
ബുധനാഴ്ച സ്കൂളില്‍ ബാസ്കറ്റ് ബോള്‍ കളിക്കാനും രാത്രി നടന്ന നൃത്ത മത്സരത്തില്‍ പങ്കെടുത്തവരെ ഒരുക്കാനും നേഹ സജീവമായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പാഠ്യപദ്ധതിയിലെ മൈഗ്രേഷന്‍ പഠനത്തിന്റെ ഭാഗമായി ഒരു വര്‍ഷം നേഹ ഉത്തര്‍പ്രദേശ് അമേഠിയിലെ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്.
അവധിക്കു ശേഷം ജൂണ്‍ 14നാണ് സ്കൂളില്‍ എത്തിയത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കള്‍ അധികൃതരുടെ അനുമതിയോടെ തങ്ങളുടെ കുട്ടികളെ വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മന്ത്രി സജി ചെറിയാന്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ആലപ്പുഴ എസ്.പി, കലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സജി ചെറിയാന് പറഞ്ഞു.
സ്കൂള്‍തല അന്വേഷണം ആരംഭിച്ചു
മാന്നാര്‍: പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ സ്കൂള്‍തല അന്വേഷണം ആരംഭിച്ചു. ഹൈദരാബാദില്‍നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം പത്തനംതിട്ട നവോദയ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുധീര്‍, കോട്ടയം നവോദയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോളി വിന്‍സെന്റ് എന്നിവര്‍ വ്യാഴാഴ്ച ചെന്നിത്തലയിൽ എത്തി പ്രാഥമിക അന്വേഷണം നടത്തി.
കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നവോദയ സ്കൂള്‍സ് അസി. കമീഷണര്‍ പി. രാമകൃഷ്ണന് ഹൈദരാബാദില്‍നിന്ന് ചെന്നിത്തലയില്‍ എത്തുമെന്ന് പ്രിന്‍സിപ്പല്‍ ജോളി ടോമി അറിയിച്ചു.