മേപ്പാടി: ചൂരൽമല പുഴയിൽ ശക്തമായ നീരൊഴുക്ക്. വെള്ളം കലങ്ങിവരുന്നത് മുകളിൽ മലയിലെവിടെയോ മണ്ണിടിച്ചിലുണ്ടായതിന്റെ സൂചനയായും പ്രദേശത്തുള്ളവർ വിലയിരുത്തുന്നു. വില്ലേജ് ഓഫിസ് പരിസരത്തും നീലിക്കാപ്പ് പ്രദേശത്തുമായി താമസിക്കുന്നവർ ഭീതിയിലാണ്. പ്രദേശത്ത് രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിയിട്ട്. മൊബൈൽ ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ ആളുകൾക്ക് ആശയ വിനിമയം നടത്താൻപോലും കഴിയുന്നില്ലെന്ന് പരാതിയുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യം.
പുഴയിലെ മണ്ണ് നീക്കൽ പ്രവൃത്തിയും ഇഴഞ്ഞു നീങ്ങുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പുഴയിൽനിന്ന് നീക്കം ചെയ്ത് അരികിൽ കൂട്ടിയിട്ടിരുന്ന മണ്ണ് വലിയൊരളവിൽ ശക്തമായ നീരൊഴുക്കിൽ ഒലിച്ചുപോയി. വീണ്ടും പ്രകൃതിക്ഷോഭം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ചൂരൽമലക്കു സമീപമുള്ള ജനങ്ങൾ.