തൃശൂർ: ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും സൂര്യതാപം മൂലമുള്ള പൊള്ളലുകളും ഏൽക്കാനുള്ള സാധ്യത വർധിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ശ്രീദേവി ടി.പി. അറിയിച്ചു. താപനില ഉയരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
നേരിട്ട് വെയിലേൽക്കുന്ന ജോലികൾ ചെയ്യുന്നവർ ജോലി സമയം പുനഃക്രമീകരിക്കണമെന്നും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
വെയിലത്ത് നടക്കേണ്ടി വരുമ്പോൾ കുട, തൊപ്പി, ടവ്വൽ എന്നിവ ഉപയോഗിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കാൻ ശ്രദ്ധിക്കണം.
പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്. ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖവും കൈകാലുകളും കഴുകാനും ശ്രദ്ധിക്കണം.
ചെറിയ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗബാധിതർ തുടങ്ങിയവർ പ്രത്യേക ശ്രദ്ധ പുലർത്തണം. യാത്ര ചെയ്യുമ്പോൾ കുപ്പിവെള്ളം കരുതുകയും ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുകയും വേണം. സംഭാരം, ഇളനീർ, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങൾ ധാരാളമായി കുടിക്കുക. മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക.
വീടിനുള്ളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത രീതിയിൽ ജനലുകളും കർട്ടനുകളും ക്രമീകരിക്കുക. രാത്രിയിൽ ജനലുകളും കർട്ടനുകളും തുറന്നിട്ട് തണുത്ത കാറ്റ് അകത്തേക്ക് കടക്കാൻ അനുവദിക്കുക. പകൽ സമയത്ത് താഴത്തെ നിലകളിൽ കഴിയാൻ ശ്രമിക്കുക.
വളരെ ഉയർന്ന ശരീര താപം, വരണ്ട ചുവന്ന ചൂടായ ശരീരം, തലവേദന, തലകറക്കം, നാഡിമിടിപ്പ് കുറയുക, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അബോധാവസ്ഥ, തൊലി ചുവന്ന് തടിക്കുക, വേദന, പൊള്ളൽ, തൊലിപ്പുറത്ത് കുരുക്കൾ, പേശീവലിവ്, ഓക്കാനം, ഛർദ്ദി, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രത്തിന് മഞ്ഞ നിറം എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.