ചൂട് കൂടുന്നു; 100 ദശലക്ഷം യൂനിറ്റ്​ കടന്ന്​ വൈദ്യുതി ഉപഭോഗം

news image
Mar 13, 2024, 3:46 am GMT+0000 payyolionline.in

 

തിരുവനന്തപുരം: വേനൽച്ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുതിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആകെ ഉപഭോഗം 100.16 ദശലക്ഷം യൂനിറ്റിലെത്തി​. കഴിഞ്ഞ വർഷം മാർച്ച്​ 19ലെ 102.99 ദശലക്ഷം യൂനിറ്റായിരുന്നു സർവകാല റെക്കാർഡ്​. വിവിധ ജില്ലകളിൽ വേനൽച്ചൂട്​ ഉയരുന്നതിനാൽ വരുംദിവസങ്ങളിൽ ഉപഭോഗം കൂടാനിടയുണ്ട്​. തിങ്കളാഴ്ച പീക്ക് സമയ ആവശ്യകത 5031 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് തിങ്കളാഴ്ച മറികടന്നത്. ഈ രീതിയിൽ ഉപയോഗം വർധിച്ചാൽ ഇപ്പോൾ ലഭ്യമായ വൈദ്യുതി തികയാതെ വരുകയും അധിക വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് ഉയർന്ന വിലയ്​ക്ക്​ വാങ്ങി കമ്മി നികത്തേണ്ടിയും വരും.

എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം വന്നാൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. വേനൽക്കാല ആവശ്യകത മുന്നിൽ കണ്ട്​ മറ്റു​ സംസ്ഥാനങ്ങളിൽനിന്ന്​ ​തിരിച്ചുകൊടുക്കൽ വ്യവസ്ഥയിൽ (ബാങ്കിങ്​) വൈദ്യുതി വാങ്ങാൻ കെ.എസ്​.ഇ.ബിക്ക്​ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിരുന്നു. ഈ വൈദ്യുതി ലഭിച്ചാലും ഉപഭോഗം പ്രതീക്ഷിച്ചതിലും അപ്പുറം കടന്നാൽ ​പ്രതിസന്ധി രൂക്ഷമാവും. ​ഏപ്രിൽ, മേയ്​ മാസങ്ങളിൽ 1200​ മെഗാവാട്ടിന്​ മുകളിൽ വൈദ്യുതിയുടെ കുറവുണ്ടാവുമെന്നാണ്​ ​നേര​ത്തേ കെ.എസ്​.ഇ.ബി കണക്കാക്കിയിരുന്നത്​.

നിലവിൽ രാത്രി 10ന്​ ശേഷം ട്രാൻസ്ഫോർമറുകളുടെ ലോഡ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ട്​. എ.സി ഉപയോഗം വലിയതോതിൽ വർധിച്ചതും ലോഡ്​ കൂടാൻ കാരണമായി. ലോഡ് കൂടുന്നതിനാൽ ഫ്യൂസ് പോവുന്നതും ലൈൻ വോൾട്ടേജിൽ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാൻ കഴിയുന്നില്ല. രാത്രിയിൽ എ.സി, ഫാൻ എന്നിവ നിയന്ത്രിക്കുന്നത്​ പ്രായോഗികമല്ലെങ്കിലും വൈദ്യുതി കൂടുതൽ വേണ്ടിവരുന്ന മറ്റ്​ ഉപകരണങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കണമെന്നാണ്​ കെ.എസ്​.ഇ.ബിയുടെ അഭ്യർഥന. അതേസമയം, പുനഃസ്ഥാപിച്ച നാല്​ ദീർഘകാല കരാറുകൾവഴിയുള്ള വൈദ്യുതി ലഭിക്കാൻ സാധ്യത മങ്ങിയതും ഹ്രസ്വകാല കരാറുകൾ വഴിയുള്ള വൈദ്യുതി വാങ്ങൽ ചെലവേറിയതും കെ.എസ്​.ഇ.ബിയെ പ്രതിസന്ധിയിലാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe