താമരശ്ശേരി: ചുരത്തിൽ 9ാം വളവിനു മുകളിൽ കഴിഞ്ഞ ദിവസം മലയിടിച്ചിൽ ഉണ്ടായ ഭാഗത്ത് ഇന്നലെ കേന്ദ്ര വിദഗ്ധ സംഘം പരിശോധന നടത്തി. ചുരത്തിൽ അപകടസാധ്യതയുള്ള മറ്റിടങ്ങളിലും സംഘം പരിശോധന നടത്തി. അപകട മേഖലയിൽ താൽക്കാലിക പരിഹാരം കാണുന്നതോടൊപ്പം ചുരം റോഡിന്റെ സ്ഥിരമായ സംരക്ഷണത്തിനുള്ള ദീർഘകാല പദ്ധതികളും ആവിഷ്കരിച്ചു നടപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം.
മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് (മോർത്ത്) മുൻ ഡയറക്ടർ ജനറൽ ആർ.പാണ്ഡെ, മോർത്ത് റീജനൽ ഓഫിസർ ബി.ടി.ശ്രീധര, പാലക്കാട് ഐഐടിയിലെ പ്രഫ.വിദ്യ, പ്രഫ.സന്തോഷ് ജി.തമ്പി, എൻഎച്ച് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി.സുജീഷ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ എം.രാജീവ്, താമരശ്ശേരി തഹസിൽദാർ സി. സുബൈർ, ഹസാർഡ് അനലിസ്റ്റ് പി.അശ്വതി, അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരായ അഖിൽ, ദീപ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.
അവലോകന യോഗത്തിൽ കലക്ടർ ഓൺലൈനായി പങ്കെടുത്തു. പരിശോധനയുടെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം ചുരം സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും സ്വീകരിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് അടുത്ത ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിനു കൈമാറും. കഴിഞ്ഞ 26ന് ആണ് ചുരത്തിലെ വ്യൂ പോയിന്റിനു സമീപം മലമുകളിൽ വൻ ഇടിച്ചിൽ ഉണ്ടായി കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ദേശീയപാതയിൽ വന്നടിഞ്ഞത്.
ഏപ്രിൽ 28നും 9ാം വളവിനു താഴെയുള്ള മിനി വ്യൂ പോയിന്റിനു സമീപം ഇടിച്ചിൽ ഉണ്ടായി പാറക്കെട്ടും മണ്ണും ദേശീയപാതയിൽ വീണു മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടിരുന്നു. 2022 ഏപ്രിൽ 16നാണ് 6ാം വളവിനു സമീപം മലയിൽ നിന്ന് ഉരുണ്ടുവന്ന കൂറ്റൻ പാറക്കല്ല് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവു മരിച്ചത്. അപകട സാധ്യതയുള്ള ഭാഗങ്ങളിൽ റോഡിനോട് ചേർന്ന് മലയുടെ ഭാഗം കോൺക്രീറ്റ് ചെയ്തു സംരക്ഷിക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
റിപ്പോർട്ട് ഉടൻ സമർപ്പിക്കും
പ്രദേശത്തു തുടർ അപകടങ്ങൾ തടയുന്നതിനു താൽക്കാലികവും സ്ഥിരവുമായ നിർദേശങ്ങൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് മോർത്ത് പ്രതിനിധികൾ അറിയിച്ചു. മുകൾ ഭാഗത്തെ പാറകൾ പൊട്ടിച്ചുനീക്കുന്നത് കൂടുതൽ അപകടത്തിന് ഇടയാക്കുമെന്നാണു സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാറയിടിച്ചിൽ തടയുന്നതിന് താൽക്കാലിക പരിഹാര മാർഗങ്ങൾ സ്വീകരിക്കും.
പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന, മണ്ണിന്റെ സ്വഭാവം ഉൾപ്പെടെ കൂടുതൽ പഠനത്തിനു വിധേയമാക്കിയ ശേഷം സ്ഥിരം പരിഹാര മാർഗങ്ങൾ ആരായാനാണു തീരുമാനം. നേരത്തേ എൻഐടി സംഘവും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.