നിലമ്പൂർ: മലപ്പുറം ചുങ്കത്തറയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ കുന്നത്ത് പട്ടികവർഗ നഗറിലെ ശിവൻ-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് കുഞ്ഞിന് അസ്വാഭാവികമായ രീതിയിൽ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായത്.
തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
കഴിഞ്ഞ ഫെബ്രുവരി 16-ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അംബുജം കുഞ്ഞിന് ജന്മം നൽകിയത്. അപ്രതീക്ഷിതമായുണ്ടായ കുഞ്ഞിന്റെ വേർപാടിൽ നടുങ്ങിയിരിക്കുകയാണ് ഈ പട്ടികവർഗ കോളനിയിലെ കുടുംബാംഗങ്ങളും നാട്ടുകാരും.
