മുബൈ:സാധാരണക്കാർക്ക് 100, 200 രൂപയുടെ കറൻസി നോട്ടുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നിർണായകമായ ഒരു ചുവടുവയ്പ്പ് നടത്തി.
എല്ലാ എടിഎമ്മുകളിലും ഈ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം പുറത്തിറങ്ങിയത്.
ബാങ്കുകളും സ്വകാര്യ എടിഎം സേവനദാതാക്കളും (വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റർമാർ) ഈ നിർദ്ദേശം ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടതുണ്ട്. സാധാരണയായി ആളുകള്‍ക്ക് അത്യാവശ്യമായ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ സുഗമമായി ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ആർബിഐ ലക്ഷ്യമിടുന്നത്. എല്ലാ ബാങ്കുകളും വൈറ്റ് ലേബല്‍ എടിഎം ഓപ്പറേറ്റർമാരും അവരുടെ എടിഎമ്മുകളില്‍ 100, 200 രൂപയുടെ നോട്ടുകള്‍ സ്ഥിരമായി ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ആർബിഐ സർക്കുലറില്‍ വ്യക്തമാക്കി.
പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, 2025 സെപ്റ്റംബർ 30-ഓടെ കുറഞ്ഞത് 75 ശതമാനം എടിഎമ്മുകളിലും ഒരു കാസറ്റിലെങ്കിലും 100 രൂപയുടെയോ 200 രൂപയുടെയോ നോട്ടുകള്‍ നിറച്ചിരിക്കണം. ഇത് 2026 മാർച്ച് 31-ഓടെ 90 ശതമാനം എടിഎമ്മുകളിലും നിർബന്ധമായും നടപ്പാക്കണം. ഈ നടപടിയിലൂടെ രാജ്യത്തെ എടിഎം സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാനും സാധാരണക്കാരുടെ ചെറിയ കറൻസി ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.