അന്തരിച്ച മലയാളത്തിന്റെ പ്രിയനടൻ സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്. പറവൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. പറവൂർ ടൗൺഹാളിലും വീട്ടിലും അന്ത്യാഞ്ജലി അർപ്പിക്കാനായി ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂർ ടൗൺഹാളിലേക്ക് കൊണ്ടുപോയത്. ആയിരങ്ങൾ ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവർ ടൗൺഹാളിലെത്തി.
സിനിമാ-സാംസ്കാരിക മേഖലയിലെ സഹപ്രവർത്തകർ പ്രിയ കലാകരന് യാത്രമൊഴി നൽകാനെത്തി. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറിന് വിട നൽകാനെത്തിയത്.പിന്നാലെ വീട്ടിലെ പൊതുദർശനത്തിനും നിരവധിപേർ അവസാന നോക്കുകാണാനെത്തി. വൈകുന്നേരം മൂന്നരയോടെയായിരുന്നു സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയയപ്പ്. മകൻ ചന്തു ചിതയ്ക്ക് തീ പകർന്നു
മുഖ്യമന്ത്രി വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മന്ത്രി പിസി വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽമാരായ അൻവർ സാദത്ത്, രമേശ് പിഷാരടി എന്നിവർ അന്ത്യകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാനെത്തി. മലയാളത്തിന്റെ സ്വന്തം സലിംകുമാർ ഇനി നിറഞ്ഞൊരു ചിരിയോർമ.
