ചിപ്പും ആന്റിനയുമായി ഇന്ത്യയിൽ ഇ-പാസ്പോർട്ട് എത്തി; പഴയ പാസ്പോർട്ടിന് എന്ത് സംഭവിക്കും ? വിവരങ്ങളിങ്ങനെ…

news image
May 14, 2025, 2:52 pm GMT+0000 payyolionline.in

ന്യൂഡൽഹി: പാസ്​പോർട്ടുകളിലെ സുരക്ഷയും തിരച്ചറിയൽ പ്രക്രിയയയും അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന്റെ ഭാഗമായി ഇ-പാസ്​പോർട്ട് അവതരിപ്പിച്ച് ഇന്ത്യ. തെരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. സാധാരണയുള്ള പാസ്​പോർട്ടിനൊപ്പം ഇലക്ട്രോണിക് ഫീച്ചറുകൾ കൂടി കൂട്ടിച്ചേർത്തതാണ് ഇ-പാസ്​പോർട്ടുകൾ.

2024 ഏപ്രിൽ ഒന്നിന് ആരംഭിച്ച പാസ്​പോർട്ട് സേവ പ്രോഗ്രാമിന്റെ പ്രധാന സവിശേഷതകളിലെന്നാണ് ഇ-പാസ്​പോർട്ട്. ഇതുപ്രകാരം പാസ്​പോർട്ടിൽ ബിൽട്ട്-ഇൻ ആന്റിനയും റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പുമുണ്ടാവും. ഇത് രണ്ടും പാസ്​പോർട്ടിന്റെ കവറിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കവറിലുള്ള സ്വർണ നിറത്തിലുള്ള ചിഹ്നമാണ് ഇ-പാസ്​പോർട്ടിനേയും സാധാരണ പാസ്​പോർട്ടിനേയും തമ്മിൽ വേർതിരിക്കുന്നത്. ഇ-പാസ്​പോർട്ടിലൂടെ കൃത്രിമത്വം, വ്യാജ രേഖ ചമക്കൽ തുടങ്ങിയവ​യെല്ലാം ഒഴിവാക്കാനാകുമെന്നാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ. ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപെടുന്ന ചിപ്പിൽ കൃത്രിമം നടത്തുകയെന്നതും പ്രയാസകരമായ കാര്യമാണ്. ഇതുവഴി അന്താരാഷ്ട്രതലത്തിൽ ഇന്ത്യൻ പാസ്​പോർട്ടിന്റെ വിശ്വാസ്യത കൂടുതൽ ഉയർത്താമെന്നും സർക്കാർ കണക്ക് കൂട്ടുന്നു.

നിലവിൽ നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി, ഡൽഹി തുടങ്ങിയ നഗരങ്ങളിലാണ് ഇ-പാസ്​പോർട്ടുകൾ ലഭ്യമായിട്ടുള്ളത്. 2025ന്റെ പകുതിയോടെ എല്ലാ പാസ്​പോർട്ട് സേവാകേന്ദ്രങ്ങളിലും ഇ-പാസ്​പോർട്ട് എത്തും. അതേസമയം, സാധാരണ പാസ്​പോർട്ട് ഉപയോഗിക്കുന്നവർക്ക് തുടർന്നും അത് കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe