ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായി- വീണ ജോര്‍ജ്

news image
Dec 18, 2024, 9:26 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സാ ചെലവ് പകുതിയോളം കുറക്കാനായെന്ന് മന്ത്രി വീണ ജോര്‍ജ്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രോഗത്തിന്റെ മുമ്പില്‍ ഒരാളും നിസഹായരാകാന്‍ പാടില്ല. പരമാവധി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

 

ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി. നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് സര്‍വേ പ്രകാരം പത്ത് വര്‍ഷം മുമ്പ് സംസ്ഥാനത്തെ ആരോഗ്യത്തിലെ ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചറിനേക്കാള്‍ ചികിത്സാ ചെലവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമായതിനാലാണ് ഈ നേട്ടം കൈവരിക്കാനായത്.

ഒരു വര്‍ഷം 1600 കോടിയിലധികം രൂപയാണ് സൗജന്യ ചികിത്സക്ക് മാത്രം സര്‍ക്കാര്‍ ചെലവഴിക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വരുന്നതിന് മുമ്പ് 30,000 രൂപ മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നല്‍കിയിരുന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ രണ്ടര ലക്ഷം ക്ലെയിമുകളാണ് സൗജന്യ ചികിത്സക്ക് ഉണ്ടായിരുന്നത്.

ഇപ്പോഴത് ആറേമുക്കാല്‍ ലക്ഷം കഴിഞ്ഞു. അതായത് 30,000 രൂപയില്‍ നിന്നും 5 ലക്ഷം രൂപ ഒരു കുടുംബത്തിന്റെ ഓരോ അംഗത്തിനും ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നു. സൗജന്യ ചികിത്സയില്‍ കേരളം ശക്തമായ നിലപാടും പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികള്‍ ആശ്വാസത്തിന്റെ ഇടമാകണം. രോഗികള്‍ക്ക് ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കണം. ഒരാള്‍ക്ക് ശാരീരികമായി രോഗം വരുമ്പോള്‍ മാനസികമായും വൈകാരികമായും സാമ്പത്തികമായും ബുദ്ധിമുട്ട് നേരിടും. അതുള്‍ക്കൊണ്ട് അവരുടെ ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുത്. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ രോഗികളെ ചികിത്സിക്കണം.

മെഡിക്കല്‍ കോളജുകളുടെ ഭാരം കൂട്ടാതിരിക്കാനാണ് മറ്റ് ആശുപത്രികളെ ശാക്തീകരിക്കുന്നത്. ഓരോ ആശുപത്രികളുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ്. പേരൂര്‍ക്കട ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് 227 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം ഇന്നലത്തെ നൈറ്റ് സെന്‍സസ് അനുസരിച്ച് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 77 ആണ്. അതേ സമയം മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ ബാഹുല്യമാണെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സലൂജ വി.ആര്‍., സുനിത എസ് എന്നിവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe