ചായ ഏതായാലും അതിന്റെ പരമാവധി ഗുണങ്ങള്‍ ശരീരത്തിന് കിട്ടാന്‍ എങ്ങനെ കുടിക്കണം എന്നറിയാമോ? ചായ ഉണ്ടാക്കുമ്പോൾ ചായപ്പൊടി ആദ്യമേ ഇടുന്നതാണോ തിളച്ചു കഴിഞ്ഞ് ഇടുന്നതാണോ നല്ലത്, ഇത് രുചിയിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുവാൻ സഹായിക്കുമോ? ‘
തിളച്ച വെള്ളത്തിൽ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിച്ചിട്ടല്ലേ നമ്മളൊക്കെ ചായയുണ്ടാക്കുക. കടുപ്പം കൂടുമായിരിക്കും. പക്ഷേ, രുചിയും മണവും ഗുണവും കുറയും. തിളച്ച വെള്ളത്തിൽ ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. അൽപാൽപമായി കടുപ്പം അരിച്ചിറങ്ങി കിട്ടുന്ന ഇതിലാണ് ഇനി പാൽ ഉൾപ്പെടെയുള്ള മറ്റു കൂട്ടുകളൊക്കെ ചേർക്കേണ്ടത്. ചായയ്ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതത്തിലായാൽ മാത്രമേ ചായ സൂപ്പറാകൂ. 200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നതാണ് ശരിയായ കണക്ക്. കടുപ്പം കൂട്ടുന്നതും കുറയ്ക്കുന്നതും അനുസരിച്ച് അളവിൽ വ്യത്യാസം വരാം.
പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്. തിളച്ച വെള്ളത്തിൽ തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാൽ ഇലയുടെ ചവർപ്പുള്ള ചായയാണ് ലഭിക്കുക. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതിൽ പാൽ ചേർക്കുമ്പോൾ പാൽപ്പാട വീഴാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ചായയ്ക്ക് വെണ്ണയുടെ രുചിയാണുണ്ടാകുക. പാൽ തിളപ്പിച്ച ഉടൻ കട്ടൻചായയിൽ ചേർക്കണം. ഇല്ലെങ്കിൽ സ്വാദിൽ വ്യത്യാസമുണ്ടാകും. ഇതിനു ശേഷമേ മധുരം ചേർക്കാവൂ. നാരങ്ങ, പുതിനയില, പാൽപ്പാട അടിച്ചെടുത്ത ക്രീം തുടങ്ങി ചായയെ വ്യത്യസ്തമാക്കാൻ കൂട്ടുകൾ അനവധി.
നാരങ്ങയും പുതിനയിലയുമൊക്കെ ദഹനം എളുപ്പമാക്കും. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കും. ഉണർവും ഉന്മേഷവും പ്രദാനം ചെയ്യുകയും ചെയ്യും. ഇതൊക്കെ ചേർത്ത് കട്ടൻ ചായയും വ്യത്യസ്തമാക്കാം.