ചാത്തന്നൂർ: സംസ്ഥാന നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ വിജയിച്ചു. എൽഡിഎഫിന്റെ ആർ. രാജേന്ദ്രനും യുഡിഎഫിന്റെ സൂരജ് രവി (കോൺഗ്രസ്)യുമായിരുന്നു എതിരാളികൾ.
2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. ആ രണ്ട് വട്ടവും ഗോപകുമാർ തന്നെയായിരുന്നു എൻഡിഎ സ്ഥാനാർഥി. ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റാണ് ഇദ്ദേഹം.
പത്തുവർഷം കാത്തിരിക്കേണ്ടി വന്നെങ്കിലും മാറാത്തത് മാറിയെന്ന് വിജയത്തിന് പിന്നാലെ ഗോപകുമാർ പ്രതികരിച്ചു. പലതരത്തിലുള്ള അടിയൊഴുക്കുകൾ ഉണ്ടായിരുന്നെന്നും അതിനെയും എൽഡിഎഫ്-യുഡിഎഫ് പരസ്പര ധാരണയെയും അതിജീവിച്ചാണ് ചാത്തന്നൂരിൽ ബിജെപി വിജയം നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സിപിഐയുടെ ജി.എസ്. ജയലാൽ 2011 മുതൽ 2021 വരെ പ്രതിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ.
