പുനലൂർ: കൊല്ലം പുനലൂർ ആളുകേറാമലിയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രതിയെന്ന് സംശയിച്ച ആളുടേതെന്ന് വ്യക്തമായി. പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇയാളാണ് പ്രതിയെന്ന് കരുതി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
സംഭവം നടന്ന സ്ഥലത്തിനടുത്തെ പെട്രോൾ പമ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽ കുമാറാണെന്ന് കരുതിയിരുന്നത്. പ്രതി ഒളിവിലാണെന്ന നിഗമനത്തിൽ പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതകമെന്ന് സംശയിച്ച കേസിൽ പ്രതിയെ മനസിലാക്കിയിട്ടും ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാത്തത് പൊലീസിനെ കുഴക്കിയിരുന്നു. ഇങ്ങനെ ഒരാളെ കാണാതായതായി പരാതികളും ലഭിച്ചിരുന്നില്ല.
തുടർന്ന് സംശയമുള്ളവരുടെ ഡിഎൻഎ പരിശോധനയും പൊലീസ് നടത്തി. അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നടത്തി. ഈ സാഹചര്യത്തിലാണ് അനിൽ കുമാറിന്റെ ബന്ധുക്കളുടെ ഡിഎൻഎ പൊലീസ് ശേഖരിച്ചത്. ഇതോടെയാണ് പ്രതി എന്ന് സംശയിച്ചയാളാണ് മരിച്ചതെന്ന് മനസിലായത്. ഇയാൾ ജീവനൊടുക്കിയതാവാം എന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ സെപ്തംബർ 23നാണ് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന് സമീപം കന്നാസ്, കത്രികസ ബാഗ് എന്നിവ ലഭിച്ചിരുന്നു. കൊലയ്ക്ക് ശേഷം മുഖം കത്തിച്ച് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായി മുമ്പ് പൊലീസ് പറഞ്ഞിരുന്നു.
