ചക്ക കഴിച്ച് ‘ഫിറ്റാ’യി! ബ്രത്തലൈസറില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ഡ്രൈവര്‍

news image
Jul 19, 2025, 1:31 pm GMT+0000 payyolionline.in

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. എന്നാല്‍ ഒരു ചക്ക കൊടുത്ത പണി കാരണം അന്തംവിട്ടിരിക്കുകയാണ് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍. എന്താണ് കാര്യം എന്നല്ലേ… ചക്ക കഴിച്ചവരെയെല്ലാം ആപ്പിലാക്കിയിരിക്കുകയാണ് ബ്രെത്ത് അനലൈസര്‍.വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് വരുമ്പോള്‍ നല്ല വരിക്ക ചക്ക കിട്ടി. എന്നാല്‍, ഈ ചക്ക സഹപ്രവര്‍ത്തകര്‍ക്ക് കൂടി കൊടുക്കാമെന്നാണ് കരുതിയാണ് ഒരു ഡ്രൈവർ ചക്ക ഓഫീസിലേക്ക് കൊണ്ടുവന്നത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ കൊണ്ടുവന്ന ചക്കപ്പഴം എല്ലാവരും ആസ്വദിച്ച് കഴിച്ചു. എന്നാല്‍, പണി കിട്ടിയത് വെറും വയറ്റിലാണെന്ന് പോലും ഓര്‍ക്കാതെ മൂന്ന്, നാല് ചക്കച്ചുള കഴിച്ച ഒരു ഡ്രൈവര്‍ക്കായിരുന്നു. ഡിപ്പോയില്‍ പതിവായി നടക്കുന്ന ഊതിക്കല്‍ പരിപാടിയില്‍ ബ്രത്തലൈസര്‍ പൂജ്യത്തില്‍ നിന്ന് പത്തിലേക്ക് കുതിച്ചു. എന്നാല്‍ അപ്പോഴും ചക്കയെ ഒന്ന് സംശയിക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ പറഞ്ഞു, ‘ഞാന്‍ മദ്യപിച്ചിട്ടില്ല സര്‍’.

ബ്രത്തലൈസര്‍ അങ്ങനെ കള്ളം പറയുമോ. എന്നാല്‍ ഒന്ന് പരിശോധിക്കാമെന്ന് കരുതി അവിടെ നിന്ന മറ്റൊരാളെക്കൊണ്ട് ഊതിച്ച് നോക്കി. ബ്രത്തലൈസര്‍ അനങ്ങിയില്ല. ഡ്രൈവര്‍ ആകെ ആശയ കുഴപ്പത്തിലായി. എന്നാലും, താന്‍ മദ്യപിച്ചിട്ടില്ല എന്ന വാദത്തില്‍ അയാള്‍ ഉറച്ച് നിന്നു. വേണമെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാമെന്നും ഇയാൾ സമ്മതിച്ചു. ഡ്രൈവറെ വിശ്വാസമുണ്ടെങ്കിലും ബ്രത്തലൈസറിനെ പൂര്‍ണമായും തള്ളിക്കളയാനാവാത്തതിനാല്‍ വൈദ്യപരിശോധന നടത്താമെന്നായി അധികൃതര്‍.

വൈദ്യപരിശോധനയില്‍സ ഇയാള്‍ മദ്യപിച്ചിട്ടില്ല എന്ന് വ്യക്തമായി. പിന്നെ എങ്ങനെ ബ്രത്തലൈസര്‍ പത്തിലെത്തി എന്നായി ചിന്ത. പിന്നീട് എന്തോ തോന്നലില്‍ ഊതിച്ച ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ ചക്കച്ചുള കഴിപ്പിച്ച് ഊതിച്ച് നോക്കിയപ്പോള്‍ അതാ ബ്രത്തലൈസര്‍ മുകളിലേക്ക് ഉയരുന്നു. പിന്നീട് പലരും ചക്കച്ചുള കഴിച്ച് ഊതിയപ്പോള്‍ ബ്രത്തലൈസര്‍ അവരെല്ലാം ഫിറ്റാണെന്ന് മുദ്രകുത്തി. ചക്ക കഴിച്ച് ‘ഫിറ്റാ’യതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും പന്തളം ഡിപ്പോയിലെ ജീവനക്കാര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe