ചക്കിട്ടപാറ ∙ പഞ്ചായത്ത് 4ാം വാർഡിലെ പൂഴിത്തോട് മാവട്ടത്ത് കഴിഞ്ഞ രാത്രിയിൽ ആടിനെ പുലി കൊന്നുതിന്നു. ഇന്നലെ പുലർച്ചെ പൊറ്റക്കാട് ഭാരതിയുടെ വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിരുന്ന ആടിന്റെ പകുതി ഭാഗം ഭക്ഷിച്ച നിലയിൽ ആയിരുന്നു. ആടിന്റെ കഴുത്തിനും കടിയേറ്റിട്ടുണ്ട്. പുലിയുടെ കാൽപാടും കണ്ടെത്തിയിരുന്നു. പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.കെ. പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലം സന്ദർശിച്ചു.
ചക്കിട്ടപാറ വെറ്ററിനറി സർജൻ ഡോ.ജിത്തുവിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പുലിയെ പിടികൂടാൻ ഭാരതിയുടെ വീടിന് സമീപം താമരശ്ശേരി ആർആർടി ഓഫിസിൽ നിന്നു കൊണ്ടുവന്ന കൂട് സ്ഥാപിച്ചു. കഴിഞ്ഞ ജനുവരിയിൽ പൂഴിത്തോട് പ്രദേശത്ത് പുലി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.വളർത്തുനായ്ക്കളെ പുലി പിടിച്ച സംഭവവും ഉണ്ടായി. സംഭവത്തെ തുടർന്ന് കൂട്, ക്യാമറ എന്നിവ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി പുലി സാന്നിധ്യം സ്ഥിരീകരിക്കുന്നതിനാൽ പൂഴിത്തോട് നിവാസികൾ ആശങ്കയിലാണ്.
വനം വകുപ്പ് അധികൃതർ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരസമിതി അധ്യക്ഷരായ സി.കെ.ശശി, ഇ.എം.ശ്രീജിത്ത്, ബിന്ദു വൽസൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പൂഴിത്തോട് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.