തിരുവനന്തപുരം: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകളിൽ മാറ്റം വരുത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. മാർച്ച് അഞ്ചിന് നടക്കാനിരുന്ന എസ്എസ്എസ്എൽസി, മാർച്ച് 5,6,7 തീയതികളിൽ നിശ്ചയിച്ചിരുന്ന ഹയർസെക്കന്ററി പരീക്ഷകൾ മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒപ്പം യുദ്ധ സമാന സാഹചര്യത്തിൽ പരീക്ഷ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിൽ ഉപരിപഠന സാധ്യതകളെ ബാധിക്കാത്ത തരത്തിൽ ശരിയായ നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
യാത്രാ തടസ്സമോ മറ്റ് സാങ്കേതിക കാരണങ്ങളോ മൂലം പരീക്ഷ എഴുതാൻ സാധിക്കാത്ത കുട്ടികൾ നിങ്ങളുടെ സ്കൂളിലെ പ്രഥമാധ്യാപകർ / പ്രിൻസിപ്പൽ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എത്രയും വേഗം അപേക്ഷ നൽകണം. ലഭിക്കുന്ന അപേക്ഷകളുടെ മെറിറ്റ് പരിശോധിച്ച്, കുഞ്ഞുങ്ങൾക്ക് പരീക്ഷ എഴുതാൻ അനുകൂലമായ സാഹചര്യം ഒരുക്കാൻ വകുപ്പ് മുൻഗണന നൽകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി അറിയിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ സാഹചര്യത്തിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകുന്നതിൽ ആരും പരിഭ്രാന്തരാകേണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് എപ്പോഴും ഒപ്പമുണ്ടെന്നും മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
