കടുത്തുരുത്തി: എട്ടുമാസം ഗർഭിണിയായ യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിന്റെ വീട്ടുകാർക്കെതിരെ പരാതിയുമായി കുടുംബം. ഭർതൃവീട്ടിലെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വീട്ടുകാർ ആരോപിച്ചു. കടുത്തുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പില്‍ അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയെയാണ് (32) ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കുട്ടികൾ അമിതയുടെ വീട്ടിലായിരുന്നു. പത്തേകാലോടെ മാതാവ് എൽസമ്മയെ ഫോണിൽ വിളിച്ച് താനില്ലാതായാലും മക്കളെ നോക്കണമെന്നും ഭർത്താവിന്റെ വീട്ടുകാർക്ക് വിട്ടുകൊടുക്കരുതെന്നും തന്റെ ഫോൺ ഉടൻ സ്വിച്ച്ഓഫാകുമെന്നും അമിത പറഞ്ഞിരുന്നു. എൽസമ്മ തിരിച്ചുവിളിച്ചപ്പോൾ അമിതയെ കിട്ടാതെ വന്നതിനെത്തുടർന്ന് അഖിലിനെ വിവരമറിയിക്കുകയായിരുന്നു. പുറത്തായിരുന്ന അഖില്‍ വന്നു നോക്കിയപ്പോൾ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെന്നാണ് പറയുന്നത്.
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിലും അമിതയും വഴക്കിട്ടതായും പിന്നീട് അഖില്‍ പുറത്തേക്ക് പോയ സമയത്താണ് അമിത തൂങ്ങിയതെന്നുമാണ് അഖിലിന്റെ മാതാവ് ഷേർളി പൊലീസിനോട് പറഞ്ഞത്. മൃതദേഹം കടപ്ലാമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. വിദേശത്ത് നഴ്സായിരുന്ന അമിത ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. മക്കൾ: അനയ (നാല്), അന്ന (രണ്ടര).