താനെ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം കൊള്ളയടിക്കാൻ അജ്ഞാതരായ മോഷ്ടാക്കൾ ശ്രമിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ജനുവരി 13 ന് പുലർച്ചെ ഡോംബിവാലി ടൗൺഷിപ്പിലെ വിഷ്ണു നഗർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ദേശസാൽകൃത ബാങ്കിന്റെ എ.ടി.എംമിലാണ് സംഭവം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത്, ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം തുറക്കുകയായിരുന്നെന്നും തുടർന്നുണ്ടായ ശക്തമായ ചൂട് തീപിടിത്തത്തിന് കാരണമായതാണെന്നുമാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിൽ എ.ടി.എംമ്മിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മെഷീൻ നശിക്കുകയും 21,11,800 രൂപ വിലമതിക്കുന്ന പണം നഷ്ടപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. എ.ടി.എം സെന്റർ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റംസ് ഉദ്യോഗസ്ഥൻ നൽകിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാതരായ പ്രതികൾക്കെതിരെ സെക്ഷൻ 457,380, 427 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.