ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ കയറ്റിയ സി.പി.എം നേതാവിന്‍റെ മകനെ പിഴ ചുമത്തി വിട്ടയച്ചു

news image
Feb 6, 2024, 5:52 am GMT+0000 payyolionline.in

കോഴിക്കോട്: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കാർ കയറ്റിയ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍റെ മകൻ ജൂലിയസ് നികിതാസിനെ പിഴ ചുമത്തി വിട്ടയച്ചു. ആദ്യം കാറും ഓടിച്ചിരുന്ന സി.പി.എം നേതാവിന്‍റെ മകനെയും കസ്റ്റഡിയിലെടുത്ത കസബ പൊലീസ് പിന്നീട് 1000 രൂപ പിഴ ചുമത്തി വിട്ടയക്കുകയായിരുന്നു. വി.വി.ഐ.പിയുടെ വാഹനത്തിന് മാർഗതടസം സൃഷ്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല.

ഞായറാഴ്ച വൈകീട്ടോടെ മാവൂർ റോഡിൽ ശ്രീധരൻ പിള്ളയുടെ വാഹനം അദ്ദേഹത്തിന്റെ തിരുത്തിയാടുള്ള വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴായിരുന്നു സംഭവം. കാർ കയറ്റിയതോടെ ഇദ്ദേഹത്തെ പൊലീസ് തടഞ്ഞു. തുടർന്നാണ് കാറും ഓടിച്ച ആളെയും കസബ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.

സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ കയറിയത് സുരക്ഷാവീഴ്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു. മാറാട് അയ്യപ്പ ഭക്തസംഘം ഹിന്ദുസേവ കേന്ദ്രത്തിന്‍റെ ഉൽഘാടനം കഴിഞ്ഞ് ബേപ്പൂർ ബി.സി. റോഡിലുള്ള എടത്തൊടി കൃഷ്ണൻ മെമ്മോറിയൽ ഹാളിൽ നിന്ന് തിരിച്ച് വരികയായിരുന്നു. തിങ്കളാഴ്ച ശ്രീധരൻ പിള്ള ഗോവയിലേക്ക് മടങ്ങുകയും ചെയ്തു.

ഗവർണറുടെ വാഹന വ്യൂഹത്തിനുള്ളിലേക്ക് കാർ കയറ്റിയ സംഭവത്തിൽ വിശദീകരണം തേടാൻ ഗോവ രാജ്ഭവൻ തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe