പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രക്കിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. 60ലേറേ പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും (ജി.എം.സി) മാപുസയിലെ നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
എന്നാൽ, അപകട കാരണമോ മരിച്ചവരുടെ പേര് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്.
സത്ര എന്നത് അഗ്നിയുമായി ബന്ധപ്പെട്ട ചടങ്ങുള്ള ഒരു വാർഷിക ഉത്സവമാണ്. ആഘോഷത്തിന്റെ ഭാഗമായി വലിയ ഘോഷയാത്രയും നടക്കാറുണ്ട്. ചടങ്ങിന് മാത്രമായി ഏകദേശം 1,000 പൊലീസുകാരെ വിന്യസിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു. അത്രയേറെ സുരക്ഷ മുന്നൊരുക്കങ്ങൾ ഒരുക്കിയിട്ടും അപകടം ഉണ്ടായതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.