ഗെയ്സർ ​ഗ്യാസ് ചോർന്നു, കുളിയ്ക്കാൻ കയറിയ ദമ്പതികൾ കുളിമുറിയിൽ മരിച്ച നിലയിൽ

news image
Jun 12, 2023, 4:38 pm GMT+0000 payyolionline.in

ബെംഗളൂരു: ബെം​ഗളൂരുവിൽ ​ഗെയ്സർ ​ഗ്യാസ് ചോർന്നതിനെ തുടർന്ന്കുളിമുറിയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.  വടക്കുകിഴക്കൻ ബംഗളൂരുവിലെ ചിക്കജലയിലുള്ള വീടിന്റെ കുളിമുറിയിലാണ്  ദമ്പതികൾ കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ച നിലയിൽ കാണപ്പെട്ടത്.  ജൂൺ 10 ന് രാത്രിയാണ് സംഭവമെന്ന് പൊലീസ് കരുതുന്നു. തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ചന്ദ്രശേഖർ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ജൂൺ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികൾ ഗ്യാസ് ഗെയ്സർ ഓണാക്കി കുളിക്കാനായി ബാത്ത്റൂമിൽ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാൻ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കേണ്ടിവരികയായിരുന്നു.

തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായിഅയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. കാർബൺ മോണോക്സൈഡ് ശ്വാസിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ചാമരാജനഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലെ ശീലാവന്തപുര സ്വദേശിയാണ് ചന്ദ്രശേഖർ. ബെലഗാവിയിലെ ഗോകാക്കിലെ മമദാപൂർ സ്വദേശിയാണ് സുധാറാണി. ഇരുവരും ബെം​ഗളൂരുവിലെ സ്റ്റാർ ഹോട്ടൽ ജീവനക്കാരായിരുന്നു. കുറച്ച് കാലമായി ലിവ് ഇൻ റിലേഷനിലായിരുന്നു. വിവാഹം ഈ‌‌‌യടുത്താണ് നിശ്ച‌യിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe