വഴി പറഞ്ഞ് തരാൻ മിടുക്കൻ ആണെങ്കിലും ചിലപ്പോഴൊക്കെ പണി തരാറുണ്ട് ഈ ഗൂഗിൾ മാപ്പ് എന്ന് പറയുന്നത്. പലപ്പോഴും വലിയ അപകടങ്ങളിൽ ആയിരിക്കും ഇവൻ നമ്മളെ എത്തിക്കുക. ഇപ്പോഴിതാ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ തോട്ടിൽ വീണ വാർത്തയാണ് പുറത്തുവരുന്നത്. കോട്ടയം കുറുപ്പുംതറയിൽ ആണ് സംഭവം. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾ അത്ഭുതകരമായി രക്ഷപെട്ടു.
കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മാൻ വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.
തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുൻഭാഗം വീഴാൻപോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവർ വാഹനം നിർത്തിയതാണ് അപകടം ഒഴിവാകാനിടയായത്. തോട്ടിലേക്കിറങ്ങുന്ന വഴിയിൽ കെട്ടിനിന്ന വെള്ളം, മുന്നോട്ട് നീങ്ങുന്നതിനിടെ കാറിൽ കയറി. ഉടൻ കാർയാത്രികർ വാതിൽ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കുവീണ് വൻഅപകടം സംഭവിക്കുമായിരുന്നു.
മഴക്കാലത്ത് ഇവിടെ റോഡിൽ എപ്പോഴും വെള്ളക്കെട്ടാണ്. ഇതുമൂലം പലപ്പോഴും റോഡ് തിരിച്ചറിയാനാകാത്തത് അപകടകാരണമാകാറുണ്ട്. കുറുപ്പന്തറ കടവിൽ ഗൂഗിൾമാപ്പ് നോക്കിവരുന്ന വാഹനങ്ങൾ അപകടങ്ങളിൽപ്പെട്ടിട്ടുള്ള സംഭവങ്ങൾ നിരവധിയാണ്.