ഗുരുവായൂര്‍: ആനത്താവളത്തിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച വൈകീട്ട് 2.30ഓടെയായിരുന്നു അന്ത്യം. 65 വയസ് പ്രായം കണക്കാക്കുന്ന നന്ദിനി ഏറെക്കാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അവശനിലയിലായിരുന്നു.
1987ന് ശേഷം മൂന്നുപതിറ്റാണ്ടിലധികം പള്ളിവേട്ടക്ക് ക്ഷേത്രമതില്ക്കകത്ത് ഒമ്പത് പ്രദക്ഷിണവും ആറാട്ടിന് 11 പ്രദക്ഷിണവും ഭക്തര്‍ക്കൊപ്പം നടത്തിയിരുന്നത് നന്ദിനിയാണ്. 1964ല്‍ നിലമ്പൂര്‍ സ്വദേശി പി. നാരായണന് നായരാണ് ഗുരുവായൂരില്‍ നടയിരുത്തിയത്. നാല് വയസായിരുന്നു അന്ന് പ്രായം.
1975 ജൂണ്‍ 26ന് ക്ഷേത്രത്തിന് സമീപമുള്ള കോവിലകം പറമ്പില്‍നിന്ന് ഇന്നത്തെ ആനത്താവളത്തിലേക്ക് ആനകളെ മാറ്റിയപ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം എത്തിയ ആനകളില്‍ ഒന്നായിരുന്നു നന്ദിനി. ആറ് പതിറ്റാണ്ടോളം പള്ളിവേട്ടക്കും ആറാട്ടിനും നിയോഗിക്കപ്പെട്ട ലക്ഷ്മിക്കുട്ടിക്ക് പ്രായത്തിന്റെ അവശതകള്‍ ഏശാന്‍ തുടങ്ങിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ 1987 മുതലാണ് നന്ദിനിക്ക് ഉത്സവ ചടങ്ങുകളുടെ നിയോഗം ലഭിച്ചത്. അഞ്ച് വര്‍ഷം മുമ്പ് കോഴിക്കോട് വെച്ച് വാഹനമിടിച്ച് വലത് ഭാഗത്തിന് പരിക്കേറ്റത് ആനയുടെ ആരോഗ്യ സ്ഥിതി മോശമാക്കി. പിന്നീട് ആനക്ക് വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കാനായിട്ടില്ല.
ഒരു മാസം മുമ്പ് കിടപ്പിലായ ആനയെ ഉയര്‍ത്തി നിര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. നന്ദിനിയുടെ സംസ്കാരം ഞായറാഴ്ച രാവിലെ കോടനാട് നടക്കും. ഗുരുവായൂര്‍ ആനകളുടെ എണ്ണം 36 ആയി ചുരുങ്ങി.