ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച ഒറ്റ ദിവസത്തിൽ 245 വിവാഹങ്ങൾ നടക്കും.
ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു.
വലിയ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്.
വിവാഹങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും.
താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കും. ചടങ്ങുകൾ വേഗത്തിൽ നടത്തുന്നതിനായി ക്ഷേത്രം കോയ്മമാരെ അധികമായി നിയോഗിക്കും
വിവാഹ മണ്ഡപത്തിന് സമീപം മംഗളവാദ്യ സംഘത്തെയും ഒരുക്കും.
തിരക്ക് നിയന്ത്രിക്കുന്നതിനായി കിഴക്കേ നട പൂർണമായും വൺവേ ആക്കുമെന്ന് ദേവസ്വം അറിയിച്ചു.
വരനും വധുവുമടങ്ങുന്ന വിവാഹ സംഘം നേരത്തെ എത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിൽ നിന്ന് ടോക്കൺ കൈപ്പറ്റണം.
തുടർന്ന് മേൽപത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചാകും വിവാഹ ചടങ്ങുകൾ നടത്തുക.
