ഗുരുതര ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം; ആശുപത്രികൾക്ക് നിർദേശം നൽകി കർണാടക സർക്കാർ

news image
May 27, 2025, 3:17 pm GMT+0000 payyolionline.in

ബെംഗളൂരു: കർണാടകത്തിൽ ഗുരുതര ശ്വാസകോശ പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടുന്നവർക്ക് കൊവിഡ് 19 ടെസ്റ്റ് നടത്താൻ മുഴുവൻ ആശുപത്രികൾക്കും നിർദേശം നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ബെംഗളൂരുവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ 2025ലെ ആദ്യ കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാന സർക്കാർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു മാധ്യമങ്ങളോട് പറഞ്ഞു.വൈറ്റ്ഫീൽഡിലെ സ്വകാര്യ ആശുപത്രിയിൽ അവയവങ്ങളുടെ തകരാറിനെ തുടർന്നും ശ്വാസതടസ്സത്തെ തുടർന്നും ചികിത്സ തേടിയ 85കാരനാണ് ശനിയാഴ്ച മരണമടഞ്ഞത്. കൊവിഡ് പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം വയോധികൻ്റെ മരണകാരണം കൊവിഡ് മാത്രമാണെന്ന് നേരിട്ട് പറയാനാകില്ലെന്നും അദ്ദേഹത്തിന് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

സംസ്ഥാനത്തെ സാഹചര്യം ഉദ്യോഗസ്ഥരും വിദഗ്ധരും നിരന്തരം നിരീക്ഷിച്ചു വരികയാണ്. എന്തെങ്കിലും നടപടികൾ ആവശ്യമാണെങ്കിൽ കേന്ദ്രസർക്കാരുമായി ആലോചിച്ചു നടപ്പാക്കും. അടുത്ത നാലഞ്ച് ദിവസത്തെ സാഹചര്യം കൂടി നോക്കാം. ഗർഭിണികളും അടുത്തിടെ കുട്ടികൾക്ക് ജന്മം നൽകിയവരും തിരക്കുള്ള സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം. പൊതുജനങ്ങൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടില്ല. പൊതുജനങ്ങൾ സാനിറ്റൈസർ ഉപയോഗം അടക്കം വ്യക്തിശുചിത്വം പാലിക്കണമെന്നും മന്ത്രി ദിനേശ് ഗുണ്ടു റാവു നിർദേശിച്ചു.ഒരു മാസത്തേക്കുള്ള പരിശോധനാ കിറ്റുകൾ സ്റ്റോക്ക് ചെയ്യാൻ ആരോഗ്യമന്ത്രി സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ഏകദേശം 5000 ആർടിപിസിആർ കിറ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് 35 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 32 എണ്ണവും ബെംഗളൂരുവിലാണ്.നിലവിൽ രാജ്യത്താകെ 1009 ആക്ടീവ് കേസുകളാണ് ഉള്ളത്. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ താനെയിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ 21കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ ശനിയാഴ്ച മരണമടഞ്ഞു. കീറ്റോഅസിഡോസിസ് ആണ് യുവാവിൻ്റെ മരണകാരണമെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe