ദില്ലി : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്ന കേസിലെ സ്ഥിര ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെതിരെ മനുഷ്യാവകാശ പ്രവർത്തക തീസ്ത സെതൽവാദ് സുപ്രീം കോടതിയിൽ. ഹർജി സുപ്രീംകോടതി അൽപ്പസമയത്തിൽ പരിഗണിക്കും. രാത്രി 9.15 ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജിയിൽ വാദം കേൾക്കുക.
തീസ്ത സെതൽവാദിന്‍റെ സ്ഥിര ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു ജാമ്യാപേക്ഷ തള്ളിയ ഉത്തരവ് നടപ്പാക്കുന്നത് 30 ദിവസത്തെക്ക് നീട്ടണമെന്ന അപേക്ഷയും കോടതി അംഗീകരിച്ചില്ല. ഉടൻ പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കഴിഞ്ഞ വർഷം ജൂൺ 25 നാണ് തീസ്തയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യത്തിനുള്ള അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കി ആരോപണങ്ങളുന്നയിച്ചുവെന്നാണ് തീസ്തക്കെതിരായ കേസ്.