ഗാനമേളയ്ക്കിടെ പൂരത്തല്ല്, പിന്നിൽ സിപിഎം ആണെന്ന് ബിജെപിയും ബിജെപിയാണെന്ന് സിപിഎമ്മും, 4പേർ പിടിയിൽ

news image
Mar 5, 2026, 1:49 pm GMT+0000 payyolionline.in

തൃശൂർ: വടക്കേക്കാട് ഞമനേങ്ങാട് കോടത്തൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ ഉണ്ടായ സംഘർഷത്തിൽ നാല് പേരെ വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തു. അജീഷ് (32), ജിതിൻ (28), രാഖിൽ (21), സായൂജ് (21) എന്നിവരെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9 മണിയോടെ ഞമനേങ്ങാട് കോടത്തൂർ ക്ഷേത്രത്തിലെ ഗാനമേളക്കിടയാണ് കേസിനാസ്പദമായ സംഭവം. സംഘർഷത്തിൽ ബി.ജെ.പി പ്രവർത്തകരായ കടങ്ങോട്ടയിൽ ദിലീഷ് (42), ഉപ്പത്തിൽ അഭിനവ് (24) എന്നിവർക്ക് പരുക്കേറ്റിരുന്നു.

തലയ്ക്കും കാലിനും പരുക്കേറ്റ ദിലീഷ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പാവറട്ടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മൊബൈൽ ലെക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പാവറട്ടി ചിറക്കലിൽ പ്രതികളുണ്ടെന്ന് മനസിലാക്കുകയും തുടർന്ന് പിടികൂടുകയുമായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തിൽ എസ്.എച്ച്.ഒയ്ക്ക് പുറമെ എസ്.ഐ കെ.പി മൻസൂർ, സി.പി.ഒമാരായ പ്രദീപ്, റേഷൻ, റെജിൻ, ബൈജു എന്നിവരും ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe